അൻവർ മാഷിൻറെ മനോവ്യഥ
ബഷീർക്ക അന്നും പതിവുപോലെ മാർക്കറ്റിൽ പോയി
കടയിലേക്കുള്ള സാധനങ്ങളുമായി തിരിച്ചു വന്നതേയുള്ളൂ. വളരെ നേരത്തെ തന്നെ മാർകറ്റിൽ
പോയതിനാൽ ചരക്കുകൾ വാങ്ങലെല്ലാം പെട്ടെന്നു കഴിഞ്ഞിരുന്നു, എന്നാലും വേനൽ കാലമായതിനാൽ രാവിലെത്തെ
വെയിലിനു കാഠിന്യം ഒട്ടും കുറവുണ്ടായിരുന്നില്ല. രാവിലെ കടയിലെ എല്ലാ ജോലികളും
കഴിഞ്ഞതിനു ശേഷം ബഷീർക്ക പുറത്തെ ബെൻജിലിരിന്നു അപ്പുറത്തെ സൈതാലിക്കയുടെ ചായ
കടയിൽ നിന്നും തൻറെ ഇഷ്ടപെട്ട പൊടിച്ചായക്കു വിളിച്ചു പറയുന്നതിനിടയിലതാ തൻറെ
തൊണ്ടയിൽ എന്തോ ഒന്നുടക്കിയതുപോലെ അദ്ദേഹത്തിനു തോന്നി, താനിന്നുവരെ അനുഭവിക്കാത്ത
ഒരു വല്ലാത്ത വേദന തൻറെ
മുതുകിലൂടെ പാഞ്ഞു വരുന്നു. ചുറ്റും ആരോക്കൊയോ സംസാരിക്കുന്നതു പോലെ, തൻറെ കണ്മുമ്പിൽ എല്ലാം കൃത്യമായി കാണുന്നു...
ഒന്നുറക്കെ നിലവിളിക്കാൻ കഴിയുന്നില്ല, ഒരിത്തിരി വെള്ളത്തിനു വേണ്ടി തൻറെ നെഞ്ചകം
പിടയുന്നു... അതേ എല്ലാം അവസാനിക്കുകയാണ്, പിന്നീട് ആ വേദനയുടെ ആധിക്യത്തിൽ ആ കണ്ണുകൾ
അടയാതെ എന്തിനെയോ പിന്തുടർന്നതുപോലെ അവ അങ്ങിനെ ചിമ്മാതെ നിന്നു. ഇന്നാലില്ലാഹി
വഇന്നാ ഇലൈഹി റാജിഊൻ.
കെ കെ ജംഗ്ഷനിൽ നാലും കുടിയ വളവിലാണ് ബഷീർക്കയുടെ
ഈ കൊച്ചു കട സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിൻറെ ആ കൊച്ചു കടയെ കുറിച്ച് അറിയാത്തവരായി
ആ നാട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല, നാട്ടുകാർക്ക് അത്യാവിശ്യം വേണ്ട എല്ലാ സാധങ്ങളും അദ്ദേഹത്തിൻറെ കടയിൽ എപ്പോഴും കാണും. മാത്രവുമല്ല തന്നെകൊണ്ട് കഴിയുന്ന ചെറിയ ചെറിയ
ഉപകാരങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻ അദ്ദേഹത്തിനു എന്നും വലിയ ആവേശമായിരുന്നു. ആ ജംഗ്ഷനിൽ നടക്കുന്ന
ഒട്ടുമിക്ക കാര്യങ്ങളെ കുറിച്ചും നാട്ടുകാർ അറിഞ്ഞിരുന്നത് അദ്ദേഹം മുഖേനയായിരുന്നു. അങ്ങിനെ അവർക്കിടയിൽ ഒരു സജീവ
സാന്നിധ്യമായിരുന്നു എപ്പോഴും ബഷീർക്ക.
എന്നാൽ ബഷീർക്കയുടെ പെട്ടന്നുള്ള ഈ മരണ വാർത്ത
ആ പ്രദേശത്തെയാകെ ദുഃഖതിലാഴ്ത്തികളഞ്ഞു. പലരേയും ആ വാർത്ത
വളരേയധികം മനപ്രയാസത്തിലാക്കുകയുമുണ്ടായി. അവസാനമായി അവർക്കു ചെയ്യാനുണ്ടായിരുന്നത്
അദ്ദേഹത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക എന്നതാണല്ലോ, അവർ അദ്ദേഹത്തിൻറെ മഅഫിറത്തിനു വേണ്ടി നിറ
കണ്ണുകളോടെ പ്രാർത്ഥിച്ചു, വലിയൊരു ജനാവലിയുടെ
സാന്നിധ്യത്തിൽ അദ്ദേഹത്തിൻറെ ജനാസ സ്ഥലത്തെ വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ഇന്നു കെ കെ ജങ്ക്ഷനിൽ ബഷീർക്കയില്ല, ബഹളങ്ങളുമില്ല, എങ്ങും നിശബ്ദമായ
ഒരന്തരീക്ഷം, എല്ലാത്തിനും മൂകസാക്ഷിയായി
അദ്ദേഹം വിട്ടേച്ചു പോയ ആ കൊച്ചു കട അടഞ്ഞു അങ്ങിനെ കിടക്കുന്നു. യഥാർത്ഥത്തിൽ
അദ്ദേഹം ഈ ലോകത്തേക്കും പരലോകത്തെക്കും വിട്ടേച്ചു പോയത് ഇതു മാത്രമായിരുന്നോ? അൻവർ മാഷിനു അദേഹത്തെ
കുറിച്ചു ഓർത്തപ്പോൾ പെട്ടന്നു അങ്ങിനെയാണ് തോന്നിയത്, തീർച്ചയായും
മരണം എല്ലാ സുഗ ദുഃഖങ്ങളെയും ബന്ധങ്ങളേയും മുറിച്ചു കളയും എന്ന് പറഞ്ഞത് എത്രോയോ
വാസ്തവമാണ്.
ജങ്ങ്ഷനിൽ തന്നെയാണ് മാഷിൻറെ വീടും. ബഷീർക്കയുമായി വളരെ അടുത്ത ബന്ധം. താൻ
ജേഷ്ട്ടസഹോദരനെ പോലെ കണ്ടിരുന്ന ബഷീർക്കയെ ഒരുപക്ഷേ താൻ മനസ്സിലാക്കിയതുപോലെ ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. തൻറെ
ആയുഷ്ക്കാലം മുഴുവനും ആ കവലയിലെ കച്ചവടവുമായി കഴിഞ്ഞിരുന്ന ബഷീർക്കായ്ക്ക് മറ്റൊരു
ലോകമില്ലായിരുന്നു. കല്യാണം കഴിഞ്ഞു കുട്ടികളില്ലാത്ത ആ ജീവിതത്തിൽ തൻറെ
സഹധർമിണിയുമായുള്ള ജീവിതം എപ്പോഴും സന്തോഷം
നല്കിയിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉള്ളിൻറെ ഉള്ളിൽ ദുഃഖത്തിൻറെ ഒരു മഹാ സാഗരം എപ്പോഴും അലയടിച്ചുകൊണ്ടേയിരുന്നു. ആ
പ്രയാസം പലപ്പോഴും എന്നോടു പങ്കുവെക്കാറുണ്ടായിരുന്നു. അല്ലാഹുവിൻറെ
പരീക്ഷണമായിരിക്കാം. എന്നാൽ തന്നെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇത്രയേറെ നിഷ്കളങ്കനും
ജനസേവകനുമായ അദ്ദേഹത്തിൻറെ പ്രവർത്തങ്ങൾ നാളെ പരലോകത്ത് പ്രയോജനകരമാവാതെ വരുമോ
എന്ന ആകുലതയാണ്. മരണം ഒരിക്കലും നമ്മെ കത്ത് നിൽക്കുകയില്ല, അതിന്നു മുൻപേ ഖേദിച്ചു മടങ്ങുക എന്നതാണ് നാം
എപ്പോഴും ചെയ്യേണ്ടത്. തെറ്റുകൾ മനുഷ്യ സഹജമാണ് പക്ഷേ അതിൽ തന്നെ കാലാകാലം
നിലനിൽക്കുകക എന്നത് അത്യന്തം അപകടരമാണ്. നമ്മുടെ ശ്വാസം ഒന്നു നിന്നുപോയാൽ പിന്നെ
നമുക്കൊന്നിനും കഴിയാതെ പോകും ഒരു നിമിഷം പോലും നമുക്കു പിന്തിച്ചുകിട്ടുകയില്ല
അതിനു മുൻപേ നാം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. അല്ലാഹുവിന്റെ കാരുണ്യത്തെ
കുറിച്ച് ഒരിക്കലും നിരാശരാകാതിരിക്കുക. വിശുദ്ധ ഖുർആൻ നമ്മെ ഉണർത്തുന്നു “ഒരാള്‍ക്കും
അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
സൂക്ഷ്മമായി അറിയുന്നവനാകുന്നു. (63:11)
അവസാനമായി ബഷീർക്കയുമായി തനിക്കു സംസാരിക്കാൻ
കഴിഞ്ഞത് പരിശുദ്ധ ഉംറ നിർവഹിച്ചതിനു ശേഷം അതിൻറെ നന്ദി സൂചകമായി അജ്മീർ മഖ്ബറയിലേക്ക്
സിയാറത്ത് പോയ സമയത്തായിരുന്നു. എന്തൊരു നന്ദികേടാണ് അദ്ദേഹം ചെയ്തു പോയത്.
അല്ലാഹുവിൻറെ ഏകത്വവും പരിശുദ്ധിയും വിളംബരം ചെയ്യുന്ന ഉംറ നിര്വ്വഹിച്ചതിന്നു
ശേഷം ആ അല്ലാഹുവിൽ പങ്കുചേർക്കുന്നതിനു വേണ്ടി ജാറത്തിൽ ചെന്ന് അവരോടു വിളിച്ചു
പ്രാർത്ഥിച്ചത് തികച്ചും അന്യായമായിപ്പൊയി, അറിവില്ലായ്മ കൊണ്ടാണോ അതോ മറ്റു
പ്രേരണകൾ കൊണ്ടാണോ എന്നറിയില്ല വളരെ ഗുരുതരമായ ഒരു തെറ്റാണു അദ്ദേഹത്തിനു സംഭവിച്ചു
പോയത്. അന്നതിൻറെ അപകടത്തെ കുറിച്ചും തെറ്റിൻറെ ഗൌരവത്തെ കുറിച്ചും പറഞ്ഞു
മനസ്സിലാക്കി കൊടുത്തപ്പോൾ എല്ലാം നിശബ്ദമായി കേട്ടു എന്നതല്ലാതെ അദ്ദേഹത്തിന്
യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. ഇത്തരക്കാരുടെ ഖൽബ് അള്ളാഹു സീൽ
ചെയ്തിരിക്കുന്നുവോ എന്നു സംശയിച്ചുപോകും. വിശുദ്ധ ഖുറാനിൻറെ
ഈ ആയത്തുകൾ എത്രോയോ പ്രസക്തമാണ് “അപ്പോള്‍ ഏതൊരാളുടെ
ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ
രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം
കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ
സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം.
അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.(39:22)
താൻ എത്രകണ്ട് മാന്യമായി, എല്ലാവർക്കും പരസഹായായി ജീവിതം നയിച്ചാലും
തന്നെ സൃഷ്‌ടിച്ച റബ്ബിനോട് നമുക്കൊരു ബാധ്യതയില്ലേ. ആ റബ്ബിനുവേണ്ടി അവൻ പറഞ്ഞ
കാര്യങ്ങൾ ചെയ്യാനുള്ള ഒരു മനസ്സു നമുക്കു വേണ്ടേ, അദ്ദേഹത്തിനു
അതിനൊന്നും സമയം കണ്ടെത്താൻ കഴിഞ്ഞില്ലാ എന്നുള്ളതാണ് മറ്റൊരു സങ്കടം. എന്നും ആ വിഷയങ്ങളിൽ അദ്ദേഹം
ഒരുപാടു പിന്നോക്കമായിരുന്നു. തൊട്ടടുത്ത ജുമാ മസ്ജിദിൽ ജമാഅത്ത് നടക്കുകയാണെങ്കിൽ
പോലും അദ്ദേഹം അതെല്ലാം കാണാതെ പോകുമായിരുന്നു. നമസ്കാരത്തിന് വേണ്ടി വിളിച്ചാൽ
പറയുക വെള്ളിയാഴ്ചയുള്ള ജുമുഅ ജമാഅത്ത് കൃത്യമായി നിസ്കരിച്ചാൽ മാത്രം മതിയെന്നാണ്
ബാക്കിയെല്ലാം സൌകര്യത്തിനുസരിച്ചാവാം എന്ന ഫതവയുണ്ട് എന്നാണ്. ഇതു അദ്ദേഹത്തിൻറെ മാത്രം
കുഴപ്പമല്ല. മറിച്ചു അദ്ദേഹത്തെ പോലെയുള്ള ആളുകളെ വഴികേടിലാക്കിയ പുരോഹിതന്മാരുടെ
കുഴപ്പമാണ്. ഇത്തരം ആളുകൾക്ക് മതത്തിൻറെ കാര്യത്തിൽ വേണ്ടത്ര അറിവില്ലാതെ പോയി.
ഇനി അതിനെക്കുറിച്ച് പറഞ്ഞുകൊടുത്തൽ തന്നെ അതെല്ലാം പുത്തൻ വാദങ്ങളാണന്നു പറഞ്ഞു
പരിഹസിക്കുന്നു. ഞങ്ങളുടെ കാരണവന്മാർ ഇങ്ങിനെയോക്കെയാണല്ലോ ചെയ്തത് അതുകൊണ്ട് ഞങ്ങളും ഇങ്ങിനെയൊക്കെ
ചെയ്താൽ മതിയെന്ന അബദ്ധ ധാരണകൾ ഈ സമൂഹത്തിൽ ഇന്നും അതുപോലെ നിലനിൽനിൽക്കുന്നു.
ദീനിനെ പ്രമാണങ്ങളിൽ നിന്നും പഠിക്കാതെ പോയവർ. വിശ്വാസ കാര്യങ്ങളിൽ വേണ്ടത്ര കണിശതയില്ലാതെ ദീനിനെ വെറും ആവേശത്തിനും ഉപജീവനത്തിനും
മാത്രം കൊണ്ട് നടക്കുന്നവർക്ക് നാളെ അല്ലാഹുവിന്റെ കോടതിയിൽ എങ്ങിനെ രക്ഷപെടാൻ
കഴിയും?. വിശുദ്ധ ഖുർആൻ നമ്മോടു പറയുന്നു: “ഈ ഐഹികജീവിതം വിനോദവും
കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം.
അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!” (29:64).
ബഷീർക്കയെ
കുറിച്ച് ഓർക്കുമ്പോൾ അൻവർ മാഷിനു അങ്ങിനെ ഒരുപാടു ചിന്തകൾ മനസ്സിലൂടെ കടന്നുപോയി.
തൻറെ ജീവിത കാലത്ത് നാളേക്ക് വേണ്ടി ഒന്നും കരുതി വെക്കാൻ അദ്ദേഹത്തിനു കഴിയാതെ
പോയല്ലോ, എല്ലാം ഓർക്കുമ്പോൾ അൻവർ
മാഷിനു അദ്ദേഹത്തിൻറെ കാര്യത്തിൽ വല്ലാത്ത വിഷമം തോന്നി. അദ്ദേഹം മനമുരുകി
പ്രാർത്ഥിച്ചു. നാഥാ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് ഞാൻ പറഞ്ഞു കൊടുത്ത
കാര്യങ്ങൾ അദ്ദേഹത്തിൻറെ മനസ്സിനെ സ്പർശിക്കാതെ പോയി, ഇന്നിതാ ഞാൻ വീണ്ടും അദ്ദേഹത്തിനു
വേണ്ടി നിൻറെ മഹത്തായ പാപമോചനം തേടുന്നു, അദ്ദേഹത്തിന് പോറുത്തുകൊടുക്കേണമേ... എനിക്കറിയാം അദ്ദേഹത്തെ
ഈ മഹത്തായ ഹിദായത്തിൻറെ വഴിയിൽനിന്നും തടയിട്ടത് ജനങ്ങളെ വഴികേടിലാക്കുന്ന പുരോഹിതന്മാരാണ് അത്തരം ആളുകളുടെ ഷറിൽ നിന്നും നാഥാ ഈ സമൂഹത്തെ
നീ രക്ഷിക്കേണമേ... ആമീൻ.







